ബെംഗളൂരു: കോഴിക്കോട് നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതി നൗഷാദ് ആണ് കസ്റ്റഡിയിലായത്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷന്‍ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നൗഷാദ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ആദ്യ വിവരം. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങി വിമാനം മാറി കയറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനായി നൗഷാദിനുവേണ്ടി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തായിരുന്ന നൗഷാദിന്റെ വിസ കാലാവധി ചൊവ്വാഴ്ച തീരാനിരിക്കെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
ജൂണ്‍ 28 ന് തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ നിന്നായിരുന്നു വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ചേരമ്പാടി വനത്തിൽ കഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ കൊന്ന് വനത്തിൽ കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ, ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹേമചന്ദ്രനെ 2024 മാർച്ച് 20 മുതൽ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹേമചന്ദ്രന് പലരുമായും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടിയിൽ കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.