മഞ്ചേരി :മഞ്ചേരി കാരക്കുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇന്ന് കാരക്കുന്ന് പന്ത്രാല തടിയൻപുറത്ത് അലിയാരുടെ വീടിന് മുന്നിൽ പുലിയെ കണ്ടതായി വീട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാരക്കുന്ന് മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. മൂന്ന് ദിവസം മുൻപ് പന്ത്രാല ഭാഗങ്ങളിൽ പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി അയ്യങ്കോട്ട് കാറിന് കുറുകെ പുലി ചാടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കൂടാതെ, ഗോതമ്പ് റോഡിൽ നാരംനുണ്ട് റോഡിന് സമീപം പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികളും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ പന്ത്രാലയിൽ പുലിയെ കണ്ടതായി സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. രാത്രികാലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരം അറിഞ്ഞതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അധികൃതർ.
പ്രദേശത്ത് പുലിയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.