മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും പൊലീസ് പറഞ്ഞു.
മതവിദ്വേഷ പരാമർശത്തിലുള്ള പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് നടത്തിയത്. പിസി ജോര്‍ജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കും. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ലെന്നും. മാപ്പുപറഞ്ഞത് കൊണ്ട് കുറ്റകൃത്യത്തെ കഴുകിക്കളയാനാവില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
30 വര്‍ഷം എംഎല്‍എയായിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്. സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍. ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പി സി ജോർജ് നടത്തിയ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണമെന്നും കോടതി പറഞ്ഞിരുന്നു