ദില്ലി : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.
കെഎസ്ആർടിസി അടക്കം സർവീസ് നടത്താത്തതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ വലഞ്ഞത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. കൊച്ചിയിൽ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന് ജീവനക്കാർ പറഞ്ഞു.
തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.