നിലമ്പൂർ: സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് കാറിടിച്ചു മരിച്ചു. നിർത്താതെപോയ കാറിനെ പിന്തുടർന്ന് നാട്ടുകാർ ഡ്രൈവറെ പിടികൂടി പോലീസിലേൽപ്പിച്ചു. അപകടമുണ്ടാക്കിയ കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തി.
തിങ്കളാഴ്ച രാത്രി മൈലാടി പാലത്തിനു സമീപത്താണ് സംഭവം. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി വെള്ളാരമ്പാറ വീട്ടിൽ ആമീൻ അസ്‌ലം (20) ആണ് മരിച്ചത്. പിതാവ്: അബ്ദുൾ നാസർ. മാതാവ്: ജമീല. സഹോദരങ്ങൾ: അമീന നിദ, അഫീഫ, അമ്മാർ, അയിഷ റിദ.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാർ ഓടിച്ച വണ്ടൂർ പരിപ്പത്തൊടി ഹാരിസ് റഹ്‌മാനെ (31) നിലമ്പൂർ പോലീസ് അറസ്റ്റുചെയ്തു.
ചന്തക്കുന്നിലെ സൂപ്പർമാർക്കറ്റിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു അസ്‌ലം.
മൈലാടിയിൽവെച്ച് സ്‌കൂട്ടറിൽ കാറിടിച്ച് അസ്‌ലം കാറിനു മുകളിലേക്ക് തെറിച്ചുവീണു. കാറിന്റെ മുൻഭാഗത്തെ ഗ്ളാസ് തകർന്നു. എന്നിട്ടും കാർ നിർത്താതെ ഹാരിസ് കക്കാടംപൊയിൽ ഭാഗത്തേക്ക് വേഗത്തിൽ ഓടിച്ചു പോയി. മൂലേപ്പാടത്ത് വണ്ടി ഉപേക്ഷിച്ച് ഒളിച്ചിരുന്നു.
കാർ അപകടത്തിൽപ്പെട്ടശേഷം വണ്ടൂരിലുള്ള രണ്ട് സുഹൃത്തുക്കളെ ഹാരിസ് വിളിച്ചുവരുത്തിയിരുന്നു. അപ്പോഴേക്കും മൂലേപ്പാടത്ത് നാട്ടുകാരും മൈലാടിയിൽനിന്നും അകമ്പാടത്തുനിന്നുമുള്ളവരും തടിച്ചുകൂടി. കാറിനെ പിന്തുടർന്നെത്തിയ നാട്ടുകാരാണ് ഹാരിസിനെയും സുഹൃത്തുക്കളെയും പിടികൂടി പോലീസിലേൽപ്പിച്ചത്.
ഹാരിസിനെതിരേ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്ത് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാളുടെ സുഹൃത്തുക്കളെ പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കാർ കത്തിയ നിലയിൽ കണ്ടെത്തി. പരാതി ലഭിച്ചാൽ ഇതിന്മേൽ മറ്റൊരു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അസ്ലമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.