സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ് 26-നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധി വന്നത്. വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീല്‍ കോടതിയില്‍ സിറ്റിങ് നടന്നത്.
19 വര്‍ഷം ജയിൽവാസം പിന്നിട്ട റഹീമിന് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍, ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി.
റഹീമിന്റെ അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരി വെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.