മലപ്പുറം:വാഴക്കാട്:കളിക്കുന്നതിനിടെ തലയില്‍ അലുമിനിയം പാത്രം കുടുങ്ങിയ രണ്ടരവയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. വാഴക്കാട് ചെറുവായൂര്‍ ചോലയില്‍ ജിജിലാലിന്റെയും അതുല്യയുടെയും മകന്‍ അന്‍വിക്ക് ലാലിന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുവരെ കുട്ടിയുടെ മുത്തശ്ശന്‍ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചുവരുന്നതിനിടയിലാണ് കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിലിട്ടത്. കുട്ടിയുടെ തല പാത്രത്തില്‍നിന്നും പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് മുക്കം അഗ്നിരക്ഷാസേനയുടെ ഓഫീസിലേക്ക് കുട്ടിയുമായി നേരിട്ട് എത്തുകയായിരുന്നു. ഇരുപതുമിനിറ്റോളം സമയമെടുത്ത് അതീവശ്രദ്ധയോടെയാണ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തലയില്‍നിന്നും പാത്രം വേര്‍പെടുത്തി എടുത്തത്.
മുക്കം സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പയസ് അഗസ്റ്റിന്‍, എന്‍. ജയ കിഷ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സി. മനോജ്, ഫയര്‍ ഓഫീസര്‍മാരായ എം. സജിത്ത് ലാല്‍, സനീഷ് പി. ചെറിയാന്‍, കെ. അഭിനേഷ്, എ.എസ്. പ്രദീപ്, പി. നിയാസ്, സി. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.