മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
അതേസമയം സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്.
മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.