മലപ്പുറം: താനൂർ ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.
തിരൂര്‍ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂര്‍ സ്വദേശിയാണ്. എന്നാല്‍, ഒഴൂര്‍ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിര്‍ത്തിയിടാനായി നിര്‍മിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു