കോഴിക്കോട്: റിയൽഎസ്‌റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാഹനത്തിലിട്ട് മർദിച്ചിരുന്നതായി മുഖ്യപ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി പഴുപ്പത്തുർ പുല്ലബി വീട്ടിൽ നൗഷാദ് (35) ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പണം തിരിച്ചു നൽകാത്തതിന്റെ പേരിലായിരുന്നു മർദിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്താൻ കണ്ണൂർ സ്വദേശിയായ യുവതിയുടെ സഹായം തേടിയിരുന്നതായും നൗഷാദ് സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും നൗഷാദ് പറഞ്ഞു
വിദേശത്ത് നിന്ന് ബംഗളൂരു വിമാനതാവളത്തിലിറങ്ങിയ നൗഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന് ഇയാൾ വീണ്ടും ആവർത്തിച്ചത്. നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. പരസ്പര വിരുദ്ധമാണ് നൗഷാദിൻ്റെ മൊഴി. സഉൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. കേസിൽ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് പൊലിസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും