കൊച്ചി: കീമിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കീമിന്റെ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടിക്കെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച കോടതി നിലവിലെ വിധിയിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തിയ സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. എന്നാൽ പ്രോസ്‌പെക്ടസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൽ അധികാരമുണ്ടെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർഥികൾ തമ്മിലുള്ള വിവേചനം ഒഴിവാക്കാനാണ് പുതിയ ഫോർമുലയെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് നടപടിയെന്നും സർക്കാർ അപ്പീലിൽ വാദിക്കുന്നു. പുതിയ ഫോർമുല ഒരു വിദ്യാർഥിയെയും അയോഗ്യരാക്കുന്നില്ലെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്നും സർക്കാർ ആരോപിച്ചിരുന്നു.