തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ പരാതികളില്‍ നടത്തിയ പ്രത്യേക ഡ്രൈവില്‍ 286 പേര്‍ അറസ്റ്റിലായതായും പരാതിക്കാര്‍ക്ക് 6.5 കോടി രൂപ തിരികെ നല്‍കിയതായും പൊലീസ്.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന തട്ടിപ്പിലാണ് നടപടി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകള്‍, 18,653 സിം കാര്‍ഡുകള്‍, 59,218 മൊബൈല്‍ / ഐഎംഇഐകള്‍ എന്നിവ മരവിപ്പിച്ചതായും 26.26 കോടി രൂപ ബാങ്കുകളില്‍ തടഞ്ഞുവച്ചതായും പൊലീസ് അറിയിച്ചു.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 9539 പരാതികളാണ്. കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന മുറയ്ക്ക് തടഞ്ഞുവയ്ച്ചിരിക്കുന്ന തുക പരാതിക്കാര്‍ക്ക് തിരികെ ലഭ്യക്കുമെന്നും പൊലീസ് അറിയിച്ചു.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടി ബോധവത്കരണ ക്ലാസുകളും കേരള പൊലീസിന്റെയും സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റേയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പോസ്റ്റുകള്‍, വിഡിയോകള്‍ വഴിയുള്ള ബോധവത്ക്കരണവും നടന്നുവരികയാണെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പത്രകുറിപ്പില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ പണം നഷ്ടപ്പെട്ട സമയം മുതല്‍ ഒരു മണിക്കൂറിനകം പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുന്നതാണെന്നും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും പൊലീസ് അറിയിച്ചു.