കോഴിക്കോട് : കടപ്പുറത്തുവെച്ച് 34 വർഷം മുൻപ് ഒരാളെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ ഒരു രേഖകൂടി ലഭിച്ചു. രണ്ടുവർഷം കേസന്വേഷിച്ചിട്ടും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് നടക്കാവ് അസി. കമ്മിഷണർ ഓഫീസിൽനിന്ന് 1991-ൽ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്കയച്ച റിപ്പോർട്ടാണിത്. അതിൽ പ്രതിയെയോ മരിച്ചയാളെയോ കണ്ടെത്താൻ കഴിഞ്ഞില്ല എന്നുമാത്രമേയുള്ളൂ. അന്ന് നടക്കാവ് ഇൻസ്പെക്ടറായിരുന്ന മുൻ എസ്.പി. എൻ. സുഭാഷ് ബാബുവാണ് തിരിച്ചറിയാത്ത കേസായി അസി. കമ്മിഷണർ ഓഫീസ് വഴി റിപ്പോർട്ട് നൽകിയത്.അതിനപ്പുറം ഒരു വിശദാംശങ്ങളുമില്ല.
കടപ്പുറത്ത് മുപ്പതുവയസ്സുകാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 1989 സെപ്‌റ്റംബർ 24-ന് രജിസ്റ്റർചെയ്ത എഫ്ഐആറിന്റെ ഇൻഡക്സ് നേരത്തേ നടക്കാവ് പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മറ്റ് വിശദാംശങ്ങളോ ലഭിച്ചാലേ കേസന്വേഷണവുമായി മുന്നോട്ടുപോവാൻ കഴിയൂ. സ്റ്റേഷനിൽനിന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കോടതിയിൽനിന്നോ മെഡിക്കൽ കോളേജിൽനിന്നോ ലഭിക്കണം. ഇതിനായി പരിശോധന തുടങ്ങിയിട്ടുണ്ട്.