പാലക്കാട്: കുട്ടിയെ ചേർക്കാണെന്ന് പറഞ്ഞ് അങ്കണവാടിയിലെത്തി മാല മോഷ്ടിക്കാൻ ശ്രമം. ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞാണ് മോഷണ ശ്രമം ഉണ്ടായത്. പാലക്കാട് പഴയ ലക്കിടിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുട്ടികളും ടീച്ചറും നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
പഴയ ലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് മോഷണശ്രമം ഉണ്ടായത്. കുട്ടികൾ അങ്കണവാടിയിൽ ഉള്ള സമയത്താണ് മോഷ്ടാവ് കടന്നുവന്നത്. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ആളാണെന്നും, തന്റെ കുട്ടിയെ ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്നും ടീച്ചറായ കൃഷ്ണകുമാരിയോട് അന്വേഷിച്ചായിരുന്നു ഇയാൾ അങ്കണവാടിയിൽ എത്തിയത്. പിന്നാലെ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
മുളകുപൊടി എറിഞ്ഞതോടെ ടീച്ചർ നിലവിളിച്ചു. പിന്നാലെ കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഇതോടെ മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കൃഷ്ണകുമാരിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് ഇയാൾ കവരാൻ ശ്രമിച്ചത്