താമരശ്ശേരി : വിവിധ പരിപാടികളോടെ താമരശ്ശേരി ജി.യു.പി. സ്കൂളിൽ ക്ലബുകളുടെ ഉദ്ഘാടനം കൊടുവള്ളി ബി ആർ സി ട്രെയിനറും കവയിത്രിയുമായ ഷൈജ ടീച്ചർ നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, പരിസ്ഥിതി ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, സീഡ് ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നടന്നത്. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് കൊണ്ട് ഒത്തൊരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന സന്ദേശം കൃത്യമായി ഷൈജ ടീച്ചർ പകർന്ന് നൽകി. സീനിയർ അസിസ്റ്റൻ്റ് ജലജ ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രധാനാധ്യാപിക റോസമ്മ ടീച്ചർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. എസ്. ആർ.ജി കൺവീനർ ലിഷ ടീച്ചർ നന്ദി പ്രകാശനം നിർവ്വഹിച്ചു. കുട്ടികളുടെ കാവ്യാലാപനത്തോടെ പരിപാടി സമാപിച്ചു.