തിരുവനന്തപുരം: വനിത കണ്ടക്ടർ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറുമായി സംസാരിച്ച് നിൽക്കുകയാണെന്ന പരാതിൽ സസ്പെൻഷൻ നടപടിയെടുക്കുകയും വിവാദമായതോടെ പിൻവലിക്കുകയും ചെയ്ത് കെ.എസ്.ആർ.ടി.സി. വിവാദമായതോടെ ഗതാഗതമന്ത്രി ഇടപെടുകയും ഉത്തരവ് പിൻവലിക്കുകയുമായിരുന്നു.
വനിത കണ്ടക്ടർ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറുമായി സംസാരിച്ച് നിൽക്കുകയാണെന്നും ബസിന്‍റെ ഇടതുവശം ശ്രദ്ധിക്കുന്നില്ലെന്നും ഇത് ഡ്യൂട്ടിയിൽ വീഴ്ച വരുത്തലാണെന്നുമടക്കം പരാമർശങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഉത്തരവ്. വനിത കണ്ടക്ടറുടെ പേരും യൂനിറ്റുമടക്കം കോർപറേഷന്‍റെ ‘സദാചാര സസ്പെൻഷനി’ൽ വെളിപ്പെടുത്തിയായിരുന്നു. യാത്രക്കാർ സ്വയം ബെല്ലടിച്ച് ഇറങ്ങേണ്ട സ്ഥിതിയാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ, നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ജോലിയിലെ വീഴ്ച അന്വേഷിക്കുന്നതിന് പകരം വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് മാനേജ്മെന്റ് കടന്നുകയറിയയെന്ന വിമർശനം ശക്തമാവുകയും ചെയ്തതോടെയാണ് മന്ത്രി ഇടപെട്ടത്. വനിത കണ്ടക്ടറെ ശനിയാഴ്ച തന്നെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെയല്ല ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നാണ് മന്ത്രിയുടെ ഓഫിസിന്‍റെ വിശദീകരണം