തൊട്ടില്‍പ്പാലം : തൊട്ടില്‍പ്പാലം ചൂരണിയില്‍ പട്ടാപ്പകല്‍ കാട്ടാന ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പശുവിനെ കെട്ടാനായി പറമ്പിലേയ്ക്കിറങ്ങിയപ്പോഴാണ് കൃഷി നശിപ്പിച്ച് മുന്നേറുന്ന കാട്ടാനയുടേയും കുട്ടിയാനയുടേയും മുന്നില്‍ അകപ്പെട്ട് ചൂരണി സ്വദേശികള്‍ക്ക് പരുക്കേറ്റത്. ആനയെ കണ്ട് ഓടിമാറാനുള്ള ശ്രമത്തിലാണ് ശാന്ത, സനിക, ഷീജ, എബിന്‍ എന്നിവര്‍ക്ക് കൈക്കും കാലിനും പരുക്കേറ്റത്.
പറമ്പില്‍ നിന്ന് പിന്നീട് റോഡിലേക്ക് ഇറങ്ങിയ ആന സ്കൂട്ടറിലെത്തിയ ഷീജയ്ക്കും മകനുമടുത്തേയ്ക്ക് പാഞ്ഞടുത്തു. സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടിയതിനാല്‍ ആണ് രക്ഷപ്പെടാനായത്. ഏതാനും ദിവസങ്ങള്‍ക്കും മുമ്പും ഇതേ കാട്ടാനയും കുട്ടിയാനയും പ്രദേശത്തെത്തി കൃഷി നശിപ്പിച്ചിരുന്നു. എന്നാല്‍ ആനകളെ ഉള്‍വനത്തിലേയ്ക് തുരത്താന്‍ വനംവകുപ്പം ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം