മലപ്പുറം പെരിന്തൽമണ്ണയിലും വിവാദ പാദപൂജ. ശ്രീ വള്ളുവനാട് വിദ്യാഭവൻ സ്കൂളിലാണ് കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചത്.
ഗുരുപൂർണ്ണിമ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സംഘപരിവാർ നിയന്ത്രണത്തിലുള്ളതാണ് വിദ്യാലയം. വല്ലഭട്ട കളരിയിലെ ഇൻസ്ട്രക്ടർ സജിനി, ക്രിക്കറ്റ് കോച്ച് സി ജി വിജയകുമാർ, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോസർജൻ ഡോ ജയകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കാൽ കഴുകുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ സ്കൂൾ അധികൃതർ പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം, വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.