കോതമംഗലം ∙ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയോട് കഴിഞ്ഞ മാർച്ച് മുതൽ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോൺ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി അമ്മാവനോടു വിവരങ്ങൾ പങ്കുവച്ചു. പെൺകുട്ടി കോതമംഗലം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എട്ടാം വാർഡ് കൗൺസിലറുമാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറായി തുടരുന്നത്. മുൻപ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസിൽ പ്രതിയായിരുന്നു. പോക്സോ കേസ് ഉയർന്നു വന്നതോടെ പ്രതിരോധത്തിലായ സിപിഎം തോമസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്. കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.