ചാമ്പ്യൻസ് ലീഗ് കിരീട പകിട്ടുമായി എത്തിയ പി എസ് ജിയെ തോല്‍പ്പിച്ച് ചെല്‍സി ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബും സീസണിലെ ട്രിപ്പിൾ കിരീട ജേതാക്കളുമായ പാരീസ് സെന്റ് ജെർമനെ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര ഉറച്ചു തന്നെ തന്നെയായിരുന്നു. കിടിലൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസും നിലയുറപ്പിച്ചതോടെ ഗോൾ വല ചലിപ്പിക്കാൻ പി എസ് ജി ക്കായില്ല. ഇതോടെ സീസണിൽ ഉഗ്ര ഫോമിൽ നിൽക്കുകയായിരുന്ന പി എസ് ജി യെ തോൽപിച്ച് ചെൽസി തങ്ങളുടെ രണ്ടാം ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി.