പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂലൈ ആറാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ രോഗി സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പില്‍ പറയുന്നത്.
ഇയാള്‍ ചെയ്യാന്‍ ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രോഗബാധിതനായ ശേഷമുള്ള ഇയാളുടെ യാത്രകളെല്ലാം ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോവാറുണ്ടായിരുന്നതുള്‍പെടെ കെ.എസ്.ആര്‍.ടി.സിയില്‍ ആയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണ് ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ, ഇയാള്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിന്റേയും ജാഗ്രതയുടേയും ഭാഗമായി ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു.
ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
നിപ ബാധിച്ച് 58കാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ഏഴ് പ്രദേശങ്ങളും കാരാക്കുറിശ്ശി പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ നാല് പ്രദേശങ്ങളും കരിമ്പുഴ പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി
പ്രദേശവാസികള്‍ അല്ലാതെ പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനത്തിന് വിലക്ക്
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറേയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കുക