കോഴിക്കോട്: കൊടിയത്തൂർ സ്വദേശിയുടെ 2.10 കോടി രൂപ തട്ടിയെടുത്ത ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ചിന്ത്രില രോഹിണി റോയ് (25)നെ താമരശ്ശേരി കോടതി റിമാൻറ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് അയച്ചു.
യുവതി നടത്തിയ തട്ടിപ്പിന് ഇരയായി കൊടിയത്തൂർ സ്വദേശി നിലവിലില്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് 2.10 കോടി രൂപയാണ് നഷ്ടപ്പെട്ടത്.
ഇതു സംബന്ധിച്ച് കൊടിയത്തൂർ സ്വദേശി 2023 മാർച്ച് ഏഴിന് മുക്കം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രപ്രദേശിലെ മാധാനപ്പള്ളി എന്ന സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച മുക്കം പോലീസ് യുവതിയെ പിടികൂടിയത്.
ആന്ധ്രാപ്രദേശിലെ ഗുരംകൊണ്ട സ്വദേശിയാണ് കേസിലെ ഒന്നാം പ്രതിയായ ചിന്ത്രില രോഹിണി റോയ് . കേസിലെ രണ്ടാം പ്രതി മണ്ണാർക്കാട് സ്വദേശി ജസീർ എരദൻ ഹംസ (38)നെ 2023 ൽ തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
എണ്ണ, വാതക മേഖലയിൽ വളരെക്കാലമായി എഞ്ചിനീയറായി ജോലി ചെയ്യുന്ന കൊടിയത്തൂരിലെ യുവാവ് 2012 ൽ താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ വെച്ചാണ് ജസീറിനെ കണ്ടുമുട്ടിയത്. 2019 ൽ ബിസിനസുകാരിയായ രോഹിണിയെ ജസീൻ ഹസീന് പരിചയപ്പെടുത്തി. 2020 ജനുവരിയിൽ, മൂവരും ചേർന്ന് മുക്കം ആസ്ഥാനമായി റോയ്ഓപ്പോർട്യൂൺ എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു, ഹസീൻ തൻ്റെ ഓഹരിയായി രണ്ട് കോടി രൂപ ഈ സംരംഭത്തിൽ നിക്ഷേപിച്ചു.
'
ഊർജ, കൽക്കരി പാടങ്ങളിലെ പദ്ധതികളിലാണ് പണം നിക്ഷേപിച്ചതെന്ന് ജസീറും രോഹിണിയും യുവാവിനോട് പറഞ്ഞു. എന്നാൽ യുവാവ് നിക്ഷേപം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ കൃത്യമായ ഉത്തരം നൽകിയില്ല.
2022 ജൂണിൽ പ്രസ്‌തുത പദ്ധതികൾ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾ യുവാവ് ഹൈദരാബാദ് പോലീസിനെ സമീപിച്ചു.
പിന്നീടാണ് മുക്കം പോലീസിൽ പരാതി നൽകിയത്. രോഹിണിയും ജസീറും തന്നെപ്പോലുള്ള പ്രവാസികളെ ലക്ഷ്യമിട്ട് സമാനമായ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് യുവാവ് മനസ്സിലാക്കി. പിന്നീട്, റോയ്ഓപ്പോർട്യൂൺ എന്ന പേരിൽ തൻ്റെ ഒപ്പ് ഉപയോഗിച്ച് രോഹിണിയും ജസീറും വ്യാജ രേഖകൾ നിർമ്മിച്ച് ഒരു ഫാർമ കമ്പനിയുമായി ചേർന്നുള്ള ഒരു പ്രോജക്ടിന്റെ പേരിൽ 2.10 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തി.ഇതേ തുടർന്നാണ് 2023 മാർച്ച് 7 ന് യുവാവ് മുക്കം പോലീസിൽ പരാതി നൽകിയത്. രണ്ടു വർഷം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ എത്തിയ മുക്കം പോലീസ് സാഹസികമായി യുവതിയെ പിടികൂടിയത്.
സമാനമായ നിരവധി തട്ടിപ്പിൽ പ്രതിയാണ് ചിന്ത്രില റോഷ്‌നി റോയ് എന്ന് പോലീസ് പറഞ്ഞു.
മുക്കം എസ് ഐ ആൻറണി ക്ലീറ്റസ്, എ എസ് ഐ ലീന, ഡബ്ല്യൂ സി പി ഒ ജയന്തി, റീജ, സി പി ഒ അനസ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
അതിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവതിയെ മെഡിക്കൽ പരിശോധനക്ക് എത്തിച്ചപ്പോൾ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെ ആന്ധ്രയിൽ നിന്നും പോലീസിനെ പിന്തുടർന്ന് ഫോർച്യൂണർ കാറിൽ എത്തിയ യുവതിയുടെ ബന്ധുക്കൾ തടയാൻ ശ്രമിച്ചു.