കൊല്ലം: കടയ്ക്കൽ കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജിന്റെ കെട്ടിടവും സ്ഥലവും ബാങ്ക് അധികൃതർ ജപ്തി ചെയ്തു. കടയ്ക്കൽ കോട്ടപ്പുറത്തുള്ള പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജാണ് (പിഎംഎസ്എ കോളേജ്) ബാങ്ക് ജപ്തി ചെയ്തത്. കോളേജ് മാനേജ്മെന്റ് ഈ സ്ഥലം ഈടുവെച്ച് ബാങ്കിൽനിന്ന് എടുത്ത വായ്പത്തുക തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്നായിരുന്നു നടപടി. ഇതോടെ അഞ്ച് കോഴ്സുകളിലായി ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി തുലാസിലായി.
വിദ്യാർഥികൾക്ക് സമീപത്തെ മറ്റൊരു കോളേജിൽ പഠനത്തിന് സംവിധാനം ഒരുക്കിയതായി മാനേജ്മെന്റ് പറയുന്നു. കുറച്ചുദിവസം അവിടെ പഠനം നടന്നെങ്കിലും വാടക നൽകാത്തതിനാൽ അതും അവസാനിച്ചു. വാടക നൽകാതെ ഇവിടെ തുടർപഠനം നടത്താനാകില്ലെന്ന നിലപാടിലാണവർ. മാനേജ്മെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ഇതുസംബന്ധിച്ച് സർവകലാശാല അധികൃതർക്കും കടയ്ക്കൽ പോലീസിലും പരാതി നൽകിയിരിക്കുകയാണ് വിദ്യാർഥികൾ.