വാഷിങ്ടൺ: ട്രംപിന്റെ തീരുവയുദ്ധം തുടരുന്നതിനിടെ നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിൽ രണ്ടാംഘട്ട ചർച്ചക്കായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം വീണ്ടും വാഷിങ്ടണിൽ. ഇന്ത്യൻ പക്ഷത്തെ നയിക്കുന്ന വാണിജ്യവകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ ബുധനാഴ്ച യു.എസിലെത്തും. ചർച്ച നാലു ദിവസം നീളും.
തർക്കം നിലനിൽക്കുന്ന കൃഷി, വാഹന മേഖലകളുമായി ബന്ധപ്പെട്ടാണ് ചർച്ച നടക്കുക. കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് തീരുവ ഇളവ് അനുവദിക്കണമെന്ന യു.എസ് ആവശ്യത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല. അധികമായി പ്രഖ്യാപിച്ച 26 ശതമാനം തീരുവ എടുത്തുകളയണമെന്നാണ് ഇന്ത്യൻ ആവശ്യം. ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവയും ഒഴിവാക്കണം. തീരുവ എടുത്തുകളഞ്ഞില്ലെങ്കിൽ പകരച്ചുങ്കം ചുമത്തുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക കരാറിനു പകരം സമഗ്ര ഉടമ്പടിക്കാണ് ശ്രമമെന്ന് പ്രമുഖ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.