വെള്ളിമാട്കുന്ന് ∙ ഈസ്റ്റ് വെള്ളിമാട്കുന്ന് എസ്ബിഐ ബാങ്കിനടുത്ത് വീടിന്റെ ഗെയിറ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾ ചിലത് തോട്ടിലേക്കും ബാക്കിയുള്ളവ ചവിട്ടി കേടുവരുത്തിയും വീട്ടുടമയുടെ പരാക്രമം. എസ്ബിഐ ബാങ്കിന് അരികിലെ കൂർത്താട്ടിൽ അഭിലാഷിന്റെ വീടിന്റെ ഗെയിറ്റിന് സമീപം നിറുത്തിയിട്ട ബൈക്കുകളാണ് കേട് വരുത്തിയത്. നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്തെന്ന് ആരോപിച്ചായിരുന്നു അക്രമം. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഇയാൾ കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു പോയി.
നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്തെന്ന് ആരോപിച്ച് ചവിട്ടി നശിപ്പിച്ച ബൈക്കുകൾ
പ്രദേശത്ത് ഒരു മരണവീട്ടിൽ എത്തിയവരുടെ ബൈക്കും സ്കൂട്ടറുമാണ് ഇയാൾ തകർത്തത്. കുന്ദമംഗലം വരട്ട്യാക്കൽ സ്വദേശി അബ്ദു റഹിമാൻ കുട്ടിയുടെ സ്കൂട്ടർ ഇയാൾ തോട്ടിലേക്ക് എടുത്തെറിയുകയും ബാക്കിയുള്ളവ ചവിട്ടി തള്ളിയിടുകയുമായിരുന്നു. മുമ്പും ഇയാൾ ഇത്തരത്തിൽ കാറിനടക്കം വാഹനങ്ങൾക്ക് കേടുവരുത്തിയിട്ടുണ്ട്. നാട്ടുകാരുടെയും വാഹന ഉടമകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് സ്ഥലത്തെത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം