കൊച്ചി: നെടുമ്പാശേരി കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും.
പ്രതികൾ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികൾ വലിയ അളവിൽ കൊക്കയ്ൻ കടത്തുമെന്ന് ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു ഇരുവരെയും വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് പ്രതികളെ പിടികൂടിയത്.
ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ 8 . 45 നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടത്. പ്രതികളുടെ ഫോൺകോൾ വിവരങ്ങളടക്കം ഡിആർഐ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിആർഐ അറിയിച്ചു