കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തിൽ ബദല്‍ നിർദേശങ്ങളുമായി സമസ്ത. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നിര്‍ദേശങ്ങള്‍ അറിയിക്കും. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. പാദ വാർഷിക അർധ വാർഷിക, മധ്യവേനലവധികള്‍ കുറച്ച് അധ്യയന സമയം കൂട്ടാം. മറ്റു സംസ്ഥാനങ്ങളുടെ അധ്യയന രീതി കൂടി പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെക്കും.
ഇന്നലെ ചേർന്ന സമസ്ത ഏകോപന സമിതിയിൽ വന്ന നിർദ്ദേശങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും തീരുമാനം അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു. എന്നാൽ സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാൻ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.