കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്നും വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണമെന്ന് വിസി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. പാട്ടുകൾ തമ്മിലുള്ള താരതമ്യ പഠനം മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
കാലിക്കറ്റ് സർവകലാശാല മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍റെ റാപ് സോങ് ഉൾപ്പെടുത്തിയിരുന്നത്. അമേരിക്കൻ റാപ് സംഗീതവും മലയാളം റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം ലക്ഷ്യമിട്ടുളള പാഠഭാഗത്തില്‍ മൈക്കല്‍ ജാക്സന്‍റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന ഗാനത്തെയും വേടന്‍റെ 'ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനത്തെയും താരതമ്യം ചെയ്യുന്നതായിരുന്നു ഉളളടക്കം.
ഇതിനെതിരെ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. താന്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് സ്വയം വെളിപ്പെടുത്തിയ വേടന്‍റെ സംഗീതത്തെക്കുറിച്ചുളള ഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പരാതി. ഇതോടൊപ്പം, കുചേലവൃത്തം കഥകളിയിലെ അജിത ഹരേ മാധവ എന്ന പദം ഗൗരി ലക്ഷ്മിയുടെ ആലാപനവുമായി താരതമ്യപ്പെടുത്താനുളള പാഠഭാഗവും ഒഴിവാക്കണമെന്ന് പരാതിയില്‍ ഉണ്ടായിരുന്നു