ന്യൂഡല്‍ഹി: നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഇനിയും പുതുക്കിയില്ലേ...അഞ്ചു വയസ്സിലെടുത്ത ആധാറും കയ്യില്‍ വെച്ചാണോ നടപ്പ്. എന്നാല്‍ സൂക്ഷിച്ചോളൂ. പണി കിട്ടും. അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് അറിയിപ്പ് അധികൃതര്‍ ഇത് പുറത്തിറക്കിയത്.
ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മെസേജ് (യു.ഐ.ഡി.എ.ഐ.എസ്.എം.എസ്) അയച്ചു വരുകയാണെന്നും അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
'ബയോമെട്രിക് ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിന് കുട്ടികളുടെ എ.ബി.യു (നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ്) സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഏഴ് വയസ്സ് കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ നിര്‍ജ്ജീവമാകുന്നതായിരിക്കും' യു.ഐ.ഡി.എ.ഐ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ വിവരങ്ങള്‍ ആധാര്‍ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി അപ്ഡേറ്റ് ചെയ്യാമെന്ന് ഐ.ടി മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുന്നു.
ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകള്‍ എന്നിവ മാത്രമാണ് അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറില്‍ ചേരാന്‍ നല്‍കുക. കണ്ണ്, വിരല്‍ എന്നിവയുടെ അടയാളങ്ങള്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ ആധാര്‍ എന്റോള്‍മെന്റില്‍ ശേഖരിക്കില്ല.
കുട്ടിക്ക് അഞ്ച് വയസ്സ് തികയുന്നതോടെ അവരുടെ ആധാറില്‍ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസിനും ഏഴ് വയസ്സിനും ഇടയിലാണ് ഈ അപ്‌ഡേഷന്‍ വരുത്തുന്നതെങ്കില്‍ അത് സൗജന്യമായി ചെയ്യാം. എന്നാല്‍ ഏഴ് വയസിന് ശേഷം, 100 രൂപ ഫീസ് നല്‍കേണ്ടി വരും. ഏഴ് വയസിന് ശേഷവും ആധാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
സ്‌കൂള്‍ പ്രവേശനം മുതല്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുക, സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ആധാറുകള്‍ മാത്രമാണ് പരിഗണിക്കുക. അതിനാല്‍ നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്നും യു.ഐ.ഡി.എ.ഐ ഓര്‍മിപ്പിക്കുന്നു.