വെള്ളിമാട്കുന്ന്: കുരുവട്ടൂരിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച ആറുപേർ പിടിയിൽ. അറവങ്ങാട്ട് താഴം ആനന്ദൻ (56), പ്രകാശൻ(54), ആകേഷ് (21), ആകാശ് (25), അശ്വിൻ (26), ജിനു (32) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് സ്പെഷൽ സ്ക്വാഡ് ഓഫിസിൽ അസി. എക്സൈസ് ഇൻസ്പെക്ടറായിരുന്ന ശിവദാസനും ഭാര്യയും കഴിഞ്ഞ മേയിൽ കുരുവട്ടൂരിൽ മകന്റെ ഫുട്ബാൾ മത്സരം കാണാൻ പോയപ്പോൾ മുൻവൈരാഗ്യം വെച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
2018ൽ കുരുവട്ടൂരിൽ പരസ്യ മദ്യപാനത്തിനും വിൽപനക്കുമെതിരെ റെയ്ഡ് നടത്തിയതിലുള്ള വിരോധം വെച്ച് പ്രതികൾ സംഘംചേർന്ന് തടഞ്ഞ് ആക്രമിച്ചു പരിക്കേൽപിക്കുകയും സംഭവം തടയാൻ ശ്രമിച്ച ഭാര്യയെ മർദിക്കുകയും അശ്ലീല ഭാഷയിൽ തെറിവിളിക്കുകയുമായിരുന്നു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്.ഐമാരായ കെ. രോഹിത്, സന്തോഷ്, എ.എസ്.ഐ ബിന്ദു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു