കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും ലൈന്‍ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു. സ്‌കൂളില്‍ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു
കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തിയ മന്ത്രി അനാസ്ഥ കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകാന്‍ പാടില്ല. ഇത്തരം ലൈനുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
''സ്‌കൂളിലെ ഹെഡ് മാസ്റ്ററും മറ്റ് അധികാരികളും ഈ വൈദ്യുതി ലൈന്‍ എന്നും കാണുന്നതല്ലേ. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇവരല്ലേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരിശോധന നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
കാല്‍ തെന്നിയപ്പോള്‍ കയറിപ്പിടിച്ചത് വൈദ്യുതി ലൈനില്‍, നൊമ്പരമായി മിഥുന്‍; പരസ്പരം പഴിചാരി സ്‌കൂള്‍ അധികൃതരും കെഎസ്ഇബിയും
അതേസമയം, കൊല്ലം അപകടത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അപകടത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നാളെ കൊല്ലത്ത് വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ എസ് യു, എബിവിപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അപകടത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണം എന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനാണ് അപകടത്തിന്റെ ഉത്തരവാദിത്തമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി