കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെഎസ്‍യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിന്‍റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.
പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻ കമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്