കോഴിക്കോട്: പന്തീരങ്കാവ് മുതുവനത്തറയിൽ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലി കൊന്നിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായ ഭീതി പരത്തിയപ്പോൾ തന്നെ പേവിഷബാധയുള്ളതാണോയെന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു.
ഇന്നലെ പ്രദേശത്തെ ഒരു ഗോഡൗണിൽ കയറി ഇതേ നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഭാഗ്യത്തിനാണ് ഇവിടെയുള്ള ജീവനക്കാർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. മുതുവനത്തറ സ്വദേശികളായ രാധ, ചന്ദ്രൻ, രമണി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ചന്ദ്രന് നെറ്റിയിലാണ് കടിയേറ്റത്. രമണിക്ക് ഇടതുകൈയിലും രാധയ്ക്ക് തലയ്ക്ക് പുറകിലുമാണ് കടിയേറ്റത്. മുറിവ് ആഴത്തിലുള്ളതാണ്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിരുന്നതായാണ് വിവരം. പൂക്കോട് വെറ്റിനറി കോളജിൽ പട്ടിയുടെ ജഡത്തിൽ നടത്തിയ പരിശോധനയിലാണ് പട്ടിക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്