കോഴിക്കോട് : നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായാണ് പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിനാണ് മര്‍ദ്ദനം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. പോസ്റ്റിട്ടപ്പോള്‍ ഒരുതവണ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റിട്ടതാണ് പ്രകോപനമായത്. തുടര്‍ന്ന് കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. ബാലുശേരി പൊലീസാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ സമാനമായ സാഹചര്യം ഉണ്ടായതായി രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ റാഗിങ് ഒരു ക്രിമിനൽ കുറ്റമാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിനായി ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. വിദ്യാർത്ഥികളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതും മോശമായി പെരുമാറുന്നതും റാഗിങ്ങിന്റെ പരിധിയിൽ വരും. റാഗിങ് തെളിയിക്കപ്പെട്ടാൽ വിദ്യാർത്ഥികളെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളും, പിഴയും തടവും ഉൾപ്പെടെയുള്ള നിയമപരമായ ശിക്ഷകളും ലഭിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് റാഗിങ് നേരിടേണ്ടി വന്നാൽ ഉടൻ തന്നെ സ്ഥാപനത്തിലെ അധികൃതരെയും പോലീസിനെയും സമീപിക്കാൻ മടിക്കരുത്.