ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ചർച്ചകൾ അവരുടെ കുടുംബം മാത്രമേ നടത്താവുവെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. പുറത്തുനിന്നുള്ള സംഘടനകളെ ചർച്ചകളിൽ ഉൾപ്പെടുത്തിയാൽ അത് നിമിഷ പ്രിയയുടെ മോചനത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. പുറത്ത് നിന്നുള്ള ഒരാളും നല്ല ഉദ്ദേശത്തോട് കൂടിയാണെങ്കിലും ഈ ചർച്ചകളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കുടുംബത്തിനാണ് നിമിഷപ്രിയയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. അവർ ചർച്ചകൾക്കായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ പുറത്ത് നിന്നുള്ള ആരേയും ചർച്ചകളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വിശദീകരിച്ച് മലയാളത്തിലും അറബിയിലും അബ്ദുൽഫത്താഹ് ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.
ഞങ്ങൾ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല.
ഇത് വരെ നമുക്ക് മാധ്യമങ്ങളിലൂടെ മാത്രം അറിയാവുന്ന ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും മാത്രമാണെന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ് - ഞങ്ങൾ കുടുതൽ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണെന്ന് തലാലിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് വധശിക്ഷ മാറ്റിയവിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി പ്രമുഖർ ചർച്ച നടത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു