തൃശൂർ : തൃശൂർ കുരിയച്ചിറയിൽ സ്കൂളിൽ മുർഖൻ പാമ്പ്. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം. പുസ്തകം എടുക്കാൻ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെനിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്ത് പ്രവേശിപ്പിച്ചത്.
സംഭവം വാട്സ്ആപ്പ് വഴി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അധ്യാപിക കുട്ടികളെ പുറത്തേക്ക് ഇറക്കി. പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ കണ്ണൂർ ഇരിട്ടിയിൽ മൂർഖൻ പാമ്പിനെ കുട്ടികൾ പിടികൂടി. കണ്ണൂർ ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു. കുട്ടികളിലൊരാൾ രക്ഷിതാവിന് പിടികൂടിയ പാമ്പിൻ്റെ ചിത്രം അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്