തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. എസ്‌യുടി ആശുപത്രിയില്‍നിന്ന് വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ എകെ.ജി പഠന കേന്ദ്രത്തിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം രാത്രി 12 മണിയോടെയാണ് ഭൗതികദേഹം ബാര്‍ട്ടന്‍ ഹില്ലിലെ വേലിക്കകത്തെ വസതിയിലേക്ക് കൊണ്ടുവന്നത്.
ഇന്ന് രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത വഴി വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും.
'നീതിക്കായി അക്ഷീണം ശബ്ദമുയര്‍ത്തിയ നേതാവ്'; വിഎസിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
രാത്രി ഒമ്പത് മണിയോടെയാകും പുന്നപ്ര പറവൂരില്‍ മൃതദേഹം എത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വി.എസിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും ജൂലൈ 22 (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു. നാളെ മുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും