ധാക്ക: അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കം മാറുംമുന്‍പേ അയല്‍രാജ്യമായ ബംഗ്ലാദേശിലും സമാനമായ ദുരന്തം. ധാക്കയിലെ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 19 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നത്. മരിച്ചവരിൽ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തിൽ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
എഫ്-7 ബിജിഐ പരിശീലന ജെറ്റാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. തീയണയ്ക്കാന്‍ വിവിധ അഗ്നിരക്ഷാ സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്ത അന്‍പതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഹേദ് കമാല്‍ പറഞ്ഞു.
പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം നില ഗുരുതരവുമാണ്. മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതലും കുട്ടികളാണ് ആശുപത്രിയിലെത്തിയതെന്ന് അധികൃതര്‍ അറിയിക്കുന്നു. സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം. ചില കുട്ടികള്‍ കാന്റീനിലും മറ്റുചിലര്‍ പുറത്തും കോണിപ്പടിയിലും ബാല്‍ക്കണിയിലുമൊക്കെയായിരുന്നു. ക്ലാസ് മുറിക്കകത്തെ കുട്ടികളെ ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.