കട്ടിപ്പാറ : നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ ചാന്ദ്രദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മ പുതുക്കുന്ന ചാന്ദ്രദിനത്തിൽ പ്രത്യേകമായി ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജി കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന റോക്കറ്റുകളുടെ പ്രദർശനോൽഘാടനം നിർവ്വഹിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ചന്ദ്രനായി വേഷവിധാനം ചെയ്ത് നിയ തെരേസ് എന്ന കുട്ടി മറ്റു കുട്ടികളോട് സംവദിച്ചത് കുഞ്ഞു മുഖങ്ങളിൽ സന്തോഷവും ആകാംഷയും നിറച്ചു. ഓരോ കുട്ടികളുടെയും റോക്കറ്റുകളും ഒന്നിനൊന്ന് മികച്ചതായിരിന്നു എങ്കിലും നാലാം ക്ലാസിലെ ഇരട്ട സഹോദരങ്ങളായ നവീൻ, നിവേദ് എന്നിവരുടെ റോക്കറ്റ് നിർമ്മാണ മികവുകൊണ്ട് കൂടുതൽ ശ്രദ്ധയാകർഷിച്ചു.ചാന്ദ്രദിനത്തിൽ അമ്പിളി പാട്ടു മത്സരം , ക്വിസ് മത്സരം , റോക്കറ്റ് നിർമ്മാണ മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്കായി നടത്തിയത് കുട്ടികൾക്ക് ഈ ദിനത്തിൻ്റെ പ്രാധാന്യം കൃത്യമായി മനസിലാക്കാൻ സാധിച്ചു. അധ്യാപകരായ മരിയ ജോസ് ഷിൽജ എം ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.