കൊല്ലം: യുഎഇയിലെ മാളില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൊല്ലം തേവലക്കര സ്വദേശിനി അതുല്യ. ജോലിക്ക് പോകാനായി യുവതി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചയാണ് യുവതിയെ ഷാര്‍ജയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഇഭര്‍ത്താവ് ഗോകുലും പൊലിസില്‍ പരാതി നല്‍കി. അതുല്യ ജീവനൊടുക്കില്ലെന്നും മരണം കൊലപാതകമാണെന്നും യുവതിയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിച്ചതിന്റെ തെളിവുകളായി ഫോട്ടോകളും വീഡീയോകളും ഇരുവരും ഷാര്‍ജ പൊലിസിന് കൈമാറി.
ഒരു വര്‍ഷം മുമ്പ് ഷാര്‍ജയില്‍ വെച്ച് മകള്‍ അതുല്യയെ ഭര്‍ത്താവ് സതീഷ് ഗാര്‍ഹികമായി പീഡിപ്പിച്ചെന്ന് കാണിച്ച് വിളിച്ചുവരുത്തിയിരുന്നതായി പിതാവ് രാജശേഖരന്‍ പിള്ള വെളിപ്പെടുത്തി. അന്ന് മകളെ കൂട്ടിക്കൊണ്ടുവന്ന അദ്ദേഹം, സതീഷിന്റെ കൂടെ തുടര്‍ന്ന് താമസിക്കരുതെന്നും ഇത്തരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകരുതെന്നും ഉപദേശിച്ചിരുന്നു.
സതീഷിന്റെ ജോലിയും ജീവിതവും നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി അന്ന് ഷാര്‍ജയില്‍ വെച്ച് പരാതി നല്‍കിയില്ലെന്ന് രാജശേഖരന്‍ പിള്ള വ്യക്തമാക്കി. എന്നാല്‍, പിന്നീട് സതീഷ് കരഞ്ഞും കാലുപിടിച്ചും അതുല്യയെ തിരികെ കൊണ്ടുപോയി. 'അന്ന് പരാതി നല്‍കിയിരുന്നെങ്കില്‍, ഇന്ന് എന്റെ മകള്‍ എന്റെ കൂടെ ജീവനോടെ ഉണ്ടാകുമായിരുന്നു,' ഖേദത്തോടെ അദ്ദേഹം പറഞ്ഞു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഈ സംഭവം. സംഭവത്തെ തുടര്‍ന്ന് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
കെട്ടിട നിര്‍മാണ കമ്പനിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും പറഞ്ഞു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അഖിലയോട് അതുല്യ ഭര്‍ത്താവിന്റെ പീഡന കഥകള്‍ പതിവായി പറയാറുണ്ടായിരുന്നു. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും