ന്യൂഡൽഹി: ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം. എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചത്. വിശദമായ പരിശോധന വൈകാതെ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയത് വലിയ വാർത്തയായിരുന്നു. കൊച്ചിയിൽനിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങിയ ശേഷം, പൈലറ്റിന്റെ നിശ്ചയദാർഢ്യത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴക്കിടയിൽ തിങ്കളാഴ്ച രാവിലെ 9.27ഓടെയാണ് ലാൻഡ് ചെയ്യാൻ ശ്രമിച്ച
വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങിയാണ് നിന്നത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ റൺവേക്കും കേടുപാടുകൾ സംഭവിച്ചു. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ അടിയന്തിര സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി മുംബൈ വിമാനത്താവള അധികൃതർ അറിയിച്ചു.
കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രധാന റൺവേയുടെ പ്രവർത്തനം നിർത്തിവെച്ചു. രണ്ടാം റൺവേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചത്. 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് മുംബൈയിൽ ലാൻഡിങ്ങിനിടെ അപകടമുണ്ടായത്.