കാക്കൂർ: കാക്കൂരിൽ ബൈക്കിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ ഷെറീജ് (18) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറീജിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ യാത്രചെയ്ത ബന്ധു പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാക്കൂരിൽ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. പി.സി പാലം ഭാഗത്ത് മരണവീട്ടിൽ വന്ന് മടങ്ങുകയായിരുന്ന യുവാവ് ഓടിച്ച സ്കൂട്ടർ മെയിൻ റോഡിലേയ്ക്ക് പ്രവേശിച്ചപ്പോൾ, കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പിതാവ്: കപ്പുറം കുമ്പളത്ത് മാറായിൽ മുജീബ് (കുവൈത്ത്). മാതാവ്: ഉസ് വത്ത്. സഹോദരങ്ങൾ: ദിൽ നവാസ് (സൗദി), റമീസ്. വട്ടോളി ബസാർ കിനാലൂർ റോഡിൽ ഓട്ടോ സ്റ്റാൻഡിനടുത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പിതാവ് മുജീബ് രണ്ടുമാസം മുമ്പാണ് ഗൾഫിൽ പോയത്. പിതാവ് എത്തിയതിനുശേഷം കപ്പുറം ജുമാമസ്ജിദിൽ മൃതദേഹം ഖബറടക്കും.