ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തി. ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഉടൻ പൊലിസിനെ വിവരം അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ പൊലിസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്ന് ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെടുത്തു.
നിലവിൽ ബസ് സ്റ്റാൻഡിൽ പൊലിസ് ഉപരോധനമേർപ്പെടുത്തി. സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്, എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലിസും ഇന്റലിജൻസും മറ്റ് പ്രത്യേക ഏജൻസികളും ചേർന്ന് അന്വേഷണം ഊർജിതമാക്കി. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തും," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് 17-ന് ബെംഗളൂരുവിലെ ബെല്ലന്ദൂരിൽ ഒരു സ്കൂളിന് സമീപം പാർക്ക് ചെയ്ത ട്രാക്ടറിൽ നിന്ന് സമാനമായ രീതിയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തിയിരുന്നു. രാമേശ്വരം കഫേ സ്ഫോടനത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ആ സംഭവം. ഇത്തവണത്തെ കണ്ടെത്തലിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലിസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.