തിരുവനന്തപുരം: ഈ വര്ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് പട്ടികയിലുള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡർമാരും ഇതിൽ ഉൾപ്പെടുന്നു. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.
2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2023 ഒക്ടോബറിലും 2024 ജൂലൈയിലും വോട്ടർപട്ടിക പുതുക്കിയിരുന്നു. 2023 ഒക്ടോബറിലെ കരട് വോട്ടർ പട്ടികയിൽ 2,76,70,536 പേരും അന്തിമ പട്ടികയിൽ 2,68,51,297 പേരുമാണുണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈയിൽ പുതുക്കിയ കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അന്തിമ പട്ടികയിൽ 2,66,72,979 പേരും. അതുപ്രകാരം ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിൽ 5277 വോട്ടർമാർ കൂടുതൽ വന്നിട്ടുണ്ട്.