മോസ്‌കോ: ചൈനീസ് അതിര്‍ത്തിയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. കിഴക്കന്‍ റഷ്യയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനത്തിലെ മുഴുവനാളുകളും മരിച്ചതായാണ് സൂചനയെന്ന് റഷ്യന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. An-24 യാത്രാ വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരുമടക്കം 49 പേര്‍ ഉണ്ടായിരുന്നു.
സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനമാണിത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷ്യമായത്. ഇടതൂര്‍ന്ന വനങ്ങളാലും ദുര്‍ഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പട്ടണം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
ഏകദേശം 50 വര്‍ഷമായി ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 1950 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ചെടുത്ത ഇരട്ട ടര്‍ബോപ്രോപ്പ് ഗതാഗത വിമാനമാണ് An-24. വിദൂര പ്രദേശങ്ങളില്‍ വ്യോമ സുരക്ഷയുടെ കാര്യത്തില്‍ മോശം റെക്കോര്‍ഡുള്ള റഷ്യയില്‍ ഇത് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉക്രൈനിലെ (അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു) കീവിലുള്ള അന്റോനോവ് ഡിസൈന്‍ ബ്യൂറോയാണ് വിമാനം രൂപകല്‍പ്പന ചെയ്തത്