കോഴിക്കോട് :ലോഡ്ജില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്. അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ചംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് കോഴിക്കോട് ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് കാരന്തൂര്‍ സ്വദേശി ഷാജിത്ത് ബാബുവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പ്രതികളായ മുഹമ്മദ് നിഹാല്‍, മുഹമ്മദ് കല്‍സാഹ് എന്നിവരില്‍ നിന്നാണ് ഷാജിത്ത് പത്ത് ലക്ഷം രൂപയുടെ കുഴല്‍പണ ഇടപാട് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താനാണ് കസബ പൊലീസിന്‍റെ തീരുമാനം. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാനായില്ലെങ്കില്‍ പണം ഇടപാട് നടത്തിയ ഷാജിത്തും കേസില്‍ പ്രതിയാകും.
ഷാജിത്തിനൊപ്പം ലോഡ്ജ് മുറിയില്‍ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് തട്ടിക്കൊണ്ട് പോയത്. സുഹൃത്തുക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണും സംഘം കൊണ്ടുപോയി. ഇന്നോവ കാറിലെത്തിയ സംഘം വാഹനത്തിനുള്ളില്‍ വച്ച് ഷാജിത്തിനെയും മര്‍ദിച്ചു. സുഹൃത്തുക്കള്‍ കസബ പൊലീസിനെ വിവരം അറിയിച്ചതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കി. പൊലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ പ്രതികള്‍ മലപ്പുറം ഭാഗത്തേക്കാണ് സഞ്ചരിക്കുന്നതെന്ന് പൊലീസിന് മനസിലായി. മുതുവല്ലൂരില്‍ കൊണ്ടോട്ടി പൊലീസിന്‍റെ പരിശോധനയെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച വാഹനത്തെ പിന്‍തുടര്‍ന്ന് സാഹസികമായാണ് കൊണ്ടോട്ടി പൊലീസ് പ്രതികളെ പിടികൂടിയത്. വാഹനത്തിനുള്ളില്‍ നിന്നും മാരക ആയുധങ്ങളും പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശികളായ മുഹമ്മദ് കല്‍സാഹ്, ഷംസുദീന്‍ കെ, മുഹമ്മദ് നബീല്‍, അല്‍ഫയാദ്, മുഹമ്മദ് നിഹാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. തട്ടിക്കൊണ്ട് പോകല്‍, മോഷണം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.