രാജ്യത്തെ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ചു. 2,000 രൂപയിൽ നിന്ന് 3,500 രൂപയായാണ് വർധിപ്പിച്ചത്. വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽ നിന്ന് 50,000 രൂപയായും ഉയർത്തി. അതേസമയം, നിലവിലുള്ള ടീം ബേസ്ഡ് ഇൻസെന്റീവ് പരമാവധി 1,000 രൂപയായി തുടരും. മാർച്ചിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എന്നും ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിനാണ് മറുപടി.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം ഇന്‍സെന്‍റീവ് വര്‍ധിപ്പിച്ചാല്‍ ഓണറേറിയം കൂട്ടാമെന്നായിരുന്നു മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നത്. നിലവില്‍ ഇന്‍സെന്‍റീവ് കേന്ദ്രം വര്‍ധിപ്പിച്ചിട്ടില്ലെന്നതാണ് വസ്തുത.
2007 മുതലാണ് കേരളത്തില്‍ ആശാ പദ്ധതി നടപ്പിലാക്കി വരുന്നത്. സാമൂഹിക ബോധവല്‍ക്കരണവും ആരോഗ്യാവബോധവും സൃഷ്ടിക്കുക, ഗര്‍ഭകാല ശുശ്രൂഷയും ടിടി,അയണ്‍, ഫോളിക് ആസിഡ് എന്നിവും ഗര്‍ഭിണികള്‍ക്ക് ലഭ്യമാക്കുക, ജനനീസുരക്ഷാ യോജനയുെട പ്രയോജനം ലഭ്യമാക്കുക, കുട്ടികളുടെ ജനന റജിസ്ട്രേഷന്‍, പ്രതിരോധ ചികില്‍സ തുടങ്ങിയവയില്‍ സഹായിക്കുക എന്നിയാണ് ആശമാരുടെ ചുമതലകള്‍.