മംഗളൂരു: ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷറഫിന്റെ (38) മൃതദേഹം പോസ്റ്റ്‌മോർട്ടം, രാസപരിശോധന അന്തിമ റിപ്പോട്ട് മംഗളൂരു സൗത്ത് ഡിവിഷൻ അസി.പൊലീസ് കമ്മീഷണർക്ക് ലഭിച്ചു. ശരീരത്തിൽ അനേകം ബാഹ്യ മുറിവുകളേറ്റ യുവാവിന്റെ ആന്തരാവയവങ്ങൾക്കും ക്ഷതമേറ്റു. തലച്ചോറിലെ രക്തസ്രാവവും വൃക്ക തകരാറിലായതും മരണത്തിന് കാരണമായി.
കഴിഞ്ഞ ഏപ്രിൽ 27 ന് കുടുപ്പു ഭൈരകുത്താർത്തി ക്ഷേത്രത്തിന് പിന്നിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ അന്തിമ പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിലാണ് അക്രമാസക്തവും ക്രൂരവുമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. സമഗ്രമായ ഫോറൻസിക് പരിശോധനക്കും ഹിസ്റ്റോപത്തോളജിക്കൽ വിശകലനത്തിനും ശേഷം സമാഹരിച്ച റിപ്പോർട്ടുകൾ ശരീരത്തിലും തലയിലുമുള്ള ഒന്നിലധികം പരിക്കുകൾ മൂലമാണ് അഷ്റഫ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്നു, ഗുരുതരമായ വൃക്ക തകരാറും ഇതിന് കാരണമായി. ഏപ്രിൽ 28ന് മംഗളൂരു ഗവ.വെൻലോക്ക് ആശുപത്രിയിൽ രാത്രി 10നും 11.30 നും ഇടയിൽ ദേർളക്കട്ടെയിലെ ക്ഷിമയിൽ നിന്നുള്ള ഡോ. മഹാബലേഷ് ഷെട്ടി ഉൾപ്പെടെയുള്ള ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഷ്റഫിന്റെ പോസ്റ്റ്മോർട്ടം നടത്തി.