നാദാപുരം: തുടർച്ചയായി രണ്ടാം നാൾ നാദാപുരം മേഖലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ആഞ്ഞു വീശി. മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും വലിയ നാശനഷ്ടം, വൈദ്യുതി ലൈനുകൾ തകർന്നു. വൈദ്യുതി വിതരണവും റോഡിലേക്ക് മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് ഗതാഗതവും താറുമാറായി.
ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കാറ്റ് വീശിയത്. നാദാപുരം ടൗണിനടുത്ത് സംസ്ഥാന പാതയിലേക്കും മരം വീണു. ന്യൂക്ലിയസ് ഹോസ്പിറ്റൽ പരിസരത്താണ് അപകടം. സംഭവ സമയത്ത് വാഹനങ്ങൾ കടന്ന് പോകാതത് കാരണം വലിയ അപകടം ഒഴിവായി. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകൾ മരം മുറിച്ച് മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി.
നാദാപുരം ആവോലം ചീറോത്ത് മുക്കിലും സമാന അവസ്ഥയാണ് . ചില വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ട്. ലൈൻ പൊട്ടിവീണതിനാൽ വൈദ്യുതി വിതരണം പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്നലെയും നിമിഷങ്ങൾ നീണ്ട ചുഴലിക്കാറ്റ് നാട്ടിനെ വിറപ്പിച്ചു. നാദാപുരം പുളിയാവിലാണ് ചുഴലി കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. വീടുകൾക്ക് തകരാറും കൃഷി നാശവും സംഭവിച്ചു. ഇന്നലെയും പുലർച്ചെ വീശിയ ശക്തമായ കാറ്റാണ് ചെക്യാട് പഞ്ചായത്തിലെ പുളിയാവ് പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നു.
ചെറുവാതുക്കൽ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂരയുടെ ഓടുകൾ തകർന്നു. തൊട്ടടുത്ത അന്ദ്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകർന്നു . പാലക്കൂൽ സമീറിന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ആവുക്കൽ പറമ്പിലെ നിരവധി വീടുകൾക്ക് കേട് പാടുകൾ പറ്റി .പല വീടുകളീലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈൻ മരങ്ങൾ വീണ് തകർന്ന നിലയിലാണ്.
ഏകദേശം എട്ട് ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് തകർന്നതോടെ, പ്രദേശത്തെ വൈദ്യുതിവിതരണം പൂർണ്ണമായും നിലച്ചു. പ്രതീക്ഷിക്കാതെയാണ് കാറ്റ് വീശിയതെന്ന് പ്രദേശവാസികൾ പറയുന്നു. വൻ നാശനഷ്ടത്തിൽ നിന്ന് അത്ഭുതകരമായി വലിയ അപകടങ്ങൾ ഒഴിവായതായും അവർ പറഞ്ഞു.
അടിയന്തരമായി വൈദ്യുതിബന്ധനങ്ങള്‍ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ ആവശ്യമാണ്.കുടിവെള്ള വിതരണം മുടങ്ങിയത് ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് പ്രദേശത്ത് വലിയ ആശങ്കയാണുണ്ടാക്കിയത്