വള്ളിക്കുന്ന്: അനീമിയ മുക്ത് ഭാരത് പദ്ധതിപ്രകാരം നൽകിയ അയൺ ഗുളികകൾ ഒന്നിച്ചുകഴിച്ച വിദ്യാർഥികൾ ചികിത്സയിൽ. അത്താണിക്കൽ സി.ബി ഹൈസ്കൂൾ എട്ടാം ക്ലാസിലെ മൂന്ന് ആൺകുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഴ്ചയിൽ ഒന്നു വീതം കഴിക്കാൻ ആറു ഗുളികകളാണ് നൽകിയത്. വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു കഴിക്കാനായിരുന്നു നിർദേശിച്ചത്. പകരം, മുഴുവൻ ഗുളികകളും ക്ലാസിൽവെച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാർഥികൾ അധ്യാപകരോട് വിവരം പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്.
ഗുളിക ഒന്നിച്ചു കഴിച്ചവരെ കണ്ടെത്തി ഉടൻ സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടികൾക്ക് മറ്റ് അസുഖലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.
12 മണിക്കൂർ നിരീക്ഷണമാണ് നിർദേശിച്ചത്. സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ആശുപത്രിയിലുണ്ട്. ശനിയാഴ്ച ആശുപത്രി വിടാമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചത്